ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിനായി (ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്) കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ചട്ടക്കൂട് ഭരണഘടനയുടെ അടിസ്ഥാനഘടനയെ ലംഘിക്കുന്നതല്ലെന്നും ഫെഡറൽ ഘടനയ്ക്കു വിരുദ്ധമല്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം.
ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അഞ്ചുവർഷ കാലാവധി പരിഷ്കരിക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്നും നിയമ മന്ത്രാലയത്തിനു കീഴിലുള്ള 23-ാം നിയമ കമ്മീഷൻ അറിയിച്ചു.
ഭേദഗതികൾക്കു നിയമപരമായ പിന്തുണ അറിയിച്ചുകൊണ്ട് നിയമ കമ്മീഷൻ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെ സംബന്ധിക്കുന്ന ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിശദമായ കുറിപ്പും നൽകി. ബിജെപി എംപി പി.പി. ചൗധരി അധ്യക്ഷനായ ജെപിസി "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെ സംബന്ധിച്ചു നിയമ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും യോഗം ഡിസംബർ നാലിന് വിളിച്ചുചേർക്കാനിരിക്കെയാണു നിയമ കമ്മീഷൻ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്ന 100 പേജ് വരുന്ന കുറിപ്പ് ജെപിസിക്കു സമർപ്പിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 83, 172 എന്നിവയിൽ പരാമർശിക്കുന്ന സഭകളുടെ സമയപരിധികൾ കർക്കശമല്ലെന്നും വിശാലമായ ദേശീയലക്ഷ്യങ്ങൾ പരിഗണനയ്ക്കെടുത്തുകൊണ്ട് മാറ്റങ്ങൾ വരുത്താമെന്നും കുറിപ്പിൽ നിയമ കമ്മീഷൻ പറയുന്നു.
സാധാരണ നിയമനിർമാണങ്ങളിലൂടെ സഭകളുടെ കാലാവധികളിൽ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും പാർലമെന്റ് പാസാക്കുന്ന ഭേദഗതികളിലൂടെ ഭരണഘടന അത്തരം മാറ്റങ്ങൾ അനുവദിക്കുന്നുണ്ട്. ദേശീയ അടിയന്തരാവസ്ഥയിൽ നിയമസഭകൾ നേരത്തേ പിരിച്ചുവിടുന്നതിനും കാലാവധി നീട്ടുന്നതിനുമുള്ള വ്യവസ്ഥകളുണ്ടെന്നു ചൂണ്ടിക്കാട്ടി അഞ്ചുവർഷ സമയപരിധി എന്ന സാർവത്രിക നിയമമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.